സ്കൂളിൽ വീണ് പരിക്കേറ്റ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി വർഗീസാണ് ചികിത്സയ്ക്കിടെ മരിച്ചത്

പത്തനംതിട്ട: ചികിത്സാ പിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ - ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 

സ്കൂളിൽ വീണ് പരിക്കേറ്റ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി വർഗീസാണ് ചികിത്സയ്ക്കിടെ മരിച്ചത്. അസ്വാഭാവിക മരണത്തിന് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തിൽ റാന്നി മാര്‍ത്തോമ മെഡിക്കൽ മിഷൻ ആശുപത്രിയുടെ വിശദീകരണം. നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ പറഞ്ഞുവിട്ട ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവത്തിൽ പ്രദേശത്ത് കടുത്ത പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നതിനിടെയാണ് സിപിഎം അനുകൂല വിദ്യാര്‍ത്ഥി-യുവജന സംഘടനകൾ യോജിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്