കൊച്ചി: എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. വാലന്‍റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 12 വിദ്യാർത്ഥികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

കോളേജ് യൂണിയനാണ് ഇന്ന് വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ച് ക്യാമ്പസിൽ കലാപരിപാടികൾ നടത്താൻ തീരുമാനിച്ചത്. വൈകിട്ട് ക്യാമ്പസിനകത്ത് തന്നെയായിരുന്നു പരിപാടി. എസ്എഫ്ഐയാണ് ലോ കോളേജ് യൂണിയൻ ഭരിക്കുന്നത്. ഇത് തുടങ്ങുന്നതിന് അടുത്ത് തന്നെ കെഎസ്‍യു പ്രവർത്തകർ എത്തി സമാന്തരമായ വാലന്‍റൈൻസ് ഡേ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഒരേ തരത്തിലുള്ള രണ്ട് പരിപാടികൾ അതും ഒരേ സ്ഥലത്ത് നടത്തുന്നതിനെച്ചൊല്ലി ആദ്യം വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കമായി. പിന്നീടത് കയ്യാങ്കളിയിലും പിന്നീട് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. വടികളും ക്രിക്കറ്റ് ബാറ്റുകളുമായി വിദ്യാർത്ഥികൾ തമ്മിൽത്തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും മിനിറ്റുകൾ ഇവർ തമ്മിൽ സംഘർഷമുണ്ടായി. 

ആകെ 12 വിദ്യാർത്ഥികളാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എട്ട് കെഎസ്‍യു പ്രവർത്തകർ ചികിത്സയിലുണ്ട്. തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിൽ പരിക്കേറ്റ നാല് എസ്എഫ്ഐ പ്രവർത്തകരും ചികിത്സയിലുണ്ട്. കൂടുതൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. 

വിവരം കിട്ടി അൽപസമയത്തിനകം പൊലീസ് സ്ഥലത്തെത്തി. ക്യാമ്പസിനകത്തും പുറത്തും പൊലീസ് കർശന സുരക്ഷയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

എന്നാൽ സംഘർഷം തുടങ്ങിയത് എസ്എഫ്ഐ‍യാണെന്ന് കെഎസ്‍യു ആരോപിക്കുമ്പോൾ, സംഘർഷം സൃഷ്ടിച്ചത് കെഎസ്‍യുവാണെന്ന് എസ്എഫ്ഐ പ്രത്യാരോപണം ഉന്നയിക്കുന്നു. നിലവിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ക്യാമ്പസിൽ ശാന്തമായ അന്തരീക്ഷമാണ്.