ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ കെഎസ്‌യു -എസ്എഫ്ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പത്തിലധികം വിദ്യാർഥികൾക്ക് പരിക്കേറ്റു. അക്രമങ്ങളിൽ പ്രതിഷേധിച്ച്  നാളെ ആലപ്പുഴ ജില്ലയിൽ കെഎസ്‌യു പഠിപ്പുമുടക്കും. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ ഏറ്റുമുട്ടൽ. വൈകിട്ടോടെ  എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനകത്ത്  തമ്മിലടിച്ചു. പിന്നീട് അക്രമം ക്യാമ്പസിന് പുറത്തേക്കു നീങ്ങി. കോളേജിൽ എത്തിയ കായംകുളം പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 

പരിക്കേറ്റ  കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളിൽ നിന്നും  മൊഴിയെടുക്കാൻ എത്തിയ പൊലീസുമായി കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. എസ്എഫ്ഐ പ്രവർത്തകര്‍ക്ക് അനുകൂലമായി  പൊലീസ് നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന് നേരെ തിരഞ്ഞത്. കായംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷിന് തലയ്ക്ക് പരിക്കേറ്റു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരായ മുഹമ്മദ് സുഹൈൽ, അസര്‍ സലാം , മുഹമ്മദ് ഇര്‍ഫാന്‍ , ഇജാസ് എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.