ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നുവിന്‍റെ പോസ്റ്റിലുണ്ട്.

ആലപ്പുഴ: ഹരിപ്പാട്ട് എസ്എഫ്ഐ ഏരിയാ പ്രസിഡ‍ന്റ് ചിന്നുവിനെ ഡിവൈഎഫ്ഐ നേതാവ് അമ്പാടി ഉണ്ണിയും സംഘവും നടുറോഡില്‍ അക്രമിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം ഇത് ഒരു അപകടം മാത്രമെന്ന് വിശദീകരിച്ച് ചിന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന്‍റെ പേരില്‍ എസ്എഫ്ഐയേയും ഡിവഐഎഫ്ഐയേയും ചിലര്‍ ബോധപൂര്‍വം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നുവിന്‍റെ പോസ്റ്റിലുണ്ട്. ആശുപത്രിയില്‍ ഇന്നലെ മൊഴിയെടുക്കാനെത്തിയ വനിത എസ്.ഐയോട് തനിക്ക് പരാതിയില്ലെന്നും കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും ചിന്നു അറിയിച്ചിരുന്നു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ല

അക്രമം നടന്ന് മണിക്കൂറുകൾക്കകം ഡിവഐഎഫ് ആലപ്പുഴ ജില്ലാ നേതൃത്വം അമ്പാടി ഉണ്ണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ചിന്നുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ഡിവഐഎഫ് ജില്ലാ നേതൃത്വം പ്രതികരിച്ചില്ല. അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും അമ്പാടി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെന്നും നേതൃത്വം വിശദീകരിക്കുന്നു. മാത്രമല്ല , അമ്പാടിക്കെതിരെയുള്ള പാര്‍ട്ടി കമ്മീഷൻ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതൃത്വം വ്യക്തമാക്കി.