എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമായ പെൺകുട്ടിയാണ് പരാതി ഉന്നയിച്ചത്
ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കി. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് നിഖിലിനെതിരെ പരാതിയുമായി പാർട്ടിയെ സമീപിച്ചത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താനും സിപിഎം നേതൃത്വം തീരുമാനിച്ചു.
നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.
2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന‍്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന‍്റെ ജുനിയർ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല് നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു.
ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങില്‍ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്നമുണ്ടെന്ന് നിഖില്‍ തോമസും സമ്മതിച്ചു. എന്നാൽ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നും നിഖിൽ പ്രതികരിച്ചു.
യഥാര്‍ഥ ഡിഗ്രി ആവശ്യപ്പെട്ടപ്പോൾ നിഖില്‍ പാർട്ടിക്ക് കൈമാറിയത് നിഖിലിന്‍റെ കലിംഗ ഡിഗ്രി തതുല്യ യോഗ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍വകലാശാലയുടെ ഒരു കത്താണ്. യഥാർത്ഥ സര്ട്ടിഫിക്കറ്റ് സർവ്വകലാശാലയുടെ പക്കലാണെന്നായിരുന്നു ന്യായീകരണം. ഈ കത്ത് നിഖിലിന് എങ്ങിനെ ലഭിച്ചു എന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പാർട്ടി തീരുമാനം.

