ദില്ലിയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് അടക്കമുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി
പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം നടത്തിയ എസ് എഫ് ഐ നേതാക്കളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് സംഘർഷഭരിമായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് അടക്കം പങ്കെടുത്ത പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. പൊലീസും പ്രവർത്തകരുമായി ആദ്യം മുതലേ ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘർഷാവസ്ഥയിലേക്ക് പ്രതിഷേധം വഴിമാറുകയായിരുന്നു. മതിൽ ചാടി റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. ഒടുവിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി മർദിച്ചു എന്ന് എസ് എഫ് ഐ ആരോപണം ഉന്നയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു.
രാജ്യതലസ്ഥാനം സംഘർഷഭരിതം
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധസമരങ്ങളിൽ ഇന്നും ദില്ലി സംഘർഷഭരിതമായി. തെരുവിലിറങ്ങിയ സി ജെ പി, ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാൻ തുടങ്ങിയതോടെയാണ് സംഘർഷ സാഹചര്യമുണ്ടായത്. കൊണാട്ട് പ്ലേസിൽ സി ജെ പി, എസ് എഫ് ഐ, ഡി വൈ എഫ് ഐ, എ ഐ എസ് എഫ് സംഘടനകൾ പ്രതിഷേധിച്ചു. ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജി, ഡി വൈ എഫ് ഐ നേതാവ് ജെയ്ക് സി തോമസ് അടക്കമുള്ളവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം. പ്രതിഷേധ ഭൂമിയിലുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് എം പിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. വഴിയിൽ ഇറക്കിവിട്ടു. പൊലീസ് വാഹനത്തിൽ വെച്ച് മർദ്ദനമേറ്റതായി ബ്രിട്ടാസ് പ്രതികരിച്ചു. പിന്നീട് ബ്രിട്ടാസ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ മാധ്യമ പ്രവർത്തകരെ വിട്ടയച്ചു.
