പ്രിൻസിപ്പലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു. ഹാജർ രേഖകളില്‍ പ്രിൻസിപ്പൽ കൃത്രിമം കാണിച്ചു എന്ന വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ സർവകലാശാല, പ്രിൻസിപ്പലിനെ നീക്കാൻ കോളേജിന് നിർദ്ദേശം നൽകിയിരുന്നു
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോൺ ലോ കോളേജിൽ പ്രിൻസിപ്പാളിനെ നീക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധം ഫലം കണ്ടു. പ്രിൻസിപ്പലിന്റെ രാജി അംഗീകരിച്ചതായി കോളേജ് മാനേജ്മെൻറ് എസ്.എഫ്.ഐ പ്രവർത്തകരെ രേഖാമൂലം അറിയിച്ചു. തുടർന്ന് പ്രവർത്തകർ സമരം അവസാനിപ്പിച്ചു. പ്രിൻസിപ്പലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു. നേരത്തെ ഹാജർ രേഖകളില്‍ പ്രിൻസിപ്പൽ കൃത്രിമം കാണിച്ചു എന്ന വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ സർവകലാശാല, പ്രിൻസിപ്പലിനെ നീക്കാൻ കോളേജിന് നിർദ്ദേശം നൽകിയിരുന്നു.
Also Read: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ
കഴിഞ്ഞാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടിരുന്നു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയായിരുന്നു അവസാനിച്ചത്. എന്നാൽ സംഭവത്തിൽ പ്രിൻസിപ്പൽ പൊലീസിന്റെ സഹായം തേടിയിരുന്നില്ല. പ്രിൻസിപ്പലിന്റെ പ്രതികരണവും ലഭ്യമായില്ല. സമര വിവരമറിഞ്ഞ് കോളേജിലെത്തിയ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തിരുന്നു.
