തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐ ടി ഐകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌ എഫ്‌ ഐക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പ് നടന്ന 89 ഐ ടി ഐകളിൽ 83 ഐ ടി ഐ യൂണിയനുകളിലും വിജയം നേടിയെന്ന് എസ് എഫ് ഐ വാര്‍ത്താകുറിപ്പിലൂടെ അവകാശപ്പെട്ടു.

'വിധിയെഴുതുക, വർഗീയതയ്ക്കും മത തീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസ്‌ എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും, വിവിധ സർവകലാശാല  തിരഞ്ഞെടുപ്പിലും, പോളി ടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും എസ് എഫ് ഐ മികച്ച വിജയം നേടിയിരുന്നു.

വർഷങ്ങളായി കെ എസ് യു ഭരിച്ചിരുന്ന ഇടുക്കിയിലെ ഗവ:ഐ ടി ഐ കഞ്ഞിക്കുഴി എസ് എഫ് എഫ് ഐക്ക് തിരിച്ചു പിടിച്ചു. എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും, പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.