ആലപ്പുഴ: ലൈബ്രറി കൗൺസിൽ ഓഫീസില്‍ വ്യാജരേഖ ചമച്ചതിന് പുറത്താക്കിയ താത്കാലിക ജീവനക്കാരന് സ്ഥിര നിയമനം നല്‍കി വിവാദ ഉത്തരവ്. ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലാണ്  നിയമനം. നേരത്തെ, പിഎസ്‍സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ലൈബ്രറി കൗൺസിൽ ഓഫീസുകളിൽ നടത്തിയ പിൻവാതിൽ നിയമനങ്ങൾ വിവാദമായിരുന്നു.

മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി ഇഷ്ടക്കാരെ സർക്കാർ തിരികി കയറ്റിയതിനൊപ്പം വ്യാജരേഖ ചമച്ചതിന് പുറത്താക്കിയ ആളെ സ്ഥിരപ്പെടുത്തിയതിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 10 വർഷമായ 47 താത്കാലിക ജീവനക്കാരെ സ്ഥിരിപ്പെടുത്താനുള്ള സർക്കാർ ഉത്തരവിന് പിന്നാലെ, സംസ്ഥാന ലൈബ്രറി കൗൺസിലറക്കിയ പട്ടികയിലാണ് വ്യാജ രേഖ ചമച്ചയാളും ഉള്‍പ്പെടുന്നത്.  

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ അറ്റൻഡന്‍ററായി നിയമിച്ച കെ എ ജോബിയുടെ പേരാണ് സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. താത്കാലിക ജീവനക്കാരനായിരിക്കെ വ്യാജരേഖ ചമച്ച് ക്രമക്കേട് നടത്തിയതിന് 2019 ൽ പുറത്താക്കിയ ആളാണ് ജോബി. ചട്ടവിരുദ്ധനിയമനത്തിൽ കെ എ ജോബിയുടെയും ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെയും പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. സംസ്ഥാനത്തെ ലൈബ്രറി കൗൺസിൽ ഓഫീസുകളിലെ നിയമനങ്ങൾ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് പിഎസ്‍സിക്ക് വിട്ടിരുന്നു.

എന്നാൽ, താത്കാലിക ജീവനക്കാര്‍ കോടതിയിൽ പോയി സ്റ്റേ വാങ്ങി. ഒടുവിൽ സർക്കാർ മാറിയപ്പോൾ രണ്ടുഘട്ടങ്ങളിലായി 60 പേരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്തുകയായിരുന്നു. ഹൈക്കോടതിയിൽ എൽഡിഎഫ് സർക്കാർ ഉറപ്പ് നൽകിയ മാർഗ്ഗനിർദേശങ്ങൾ പോലും രണ്ടാംഘട്ടത്തിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ പുറത്തിറക്കിയില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ പുറത്തുനിൽക്കുമ്പോൾ ഇഷ്ടക്കാ‍ർക്കായി തോന്നുംപടിയാണ് നിയമനം നടന്നത്.