മുക്കം പൊലീസിന്‍റെ ഒരു സംഘം മഞ്ചേശ്വത്ത് തുടരുകയാണ്. പ്രദേശത്തെ സ്വർണക്കടത്ത് കുഴൽപ്പണ ഇടപാടുകളെക്കുറിച്ചാണ് ഈ സംഘം അന്വേഷിക്കുന്നത്
കോഴിക്കോട്: താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് പൊലീസ്. എവിടെ നിന്നാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഷാഫിയും അനുജനും ചേർന്ന് കൊണ്ടുവന്ന സ്വർണം തിരിച്ച് നൽകണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം ഊർജിതമാക്കി.
ഷാഫി കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അവിടെയുളള സഹോദരന് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഷാഫിയുടെ കുടുംബാംഗങ്ങൾ ആവർത്തിക്കുന്നു. ഇതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കാസർകോട്ടുനിന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പുറകിലെ അന്തർസംസ്ഥാന കൊട്ടേഷൻ സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കാർ വാടകക്ക് എടുത്തു നൽകിയ കാസർകോട് മേൽപ്പറമ്പ് സ്വദേശിയെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇയാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കാറും താമരശ്ശേരിയിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് പൊലിസ് നൽകുന്ന വിവരം. മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തികുന്ന സ്വർണക്കടത്ത് - കുഴൽപ്പണ സംഘങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. മുക്കം പൊലീസിന്‍റെ ഒരു സംഘം മഞ്ചേശ്വത്ത് തുടരുകയാണ്. പ്രദേശത്തെ സ്വർണക്കടത്ത് കുഴൽപ്പണ ഇടപാടുകളെക്കുറിച്ചാണ് ഈ സംഘം അന്വേഷിക്കുന്നത്.
