'തിരക്കഥ അനുസരിച്ചുള്ള നാടകം'; മതേതര ഇന്ത്യയിൽ രാഹുൽ ഗാന്ധി യോഗ്യൻ എന്നതിൻ്റെ തെളിവെന്ന് ഷാഫി പറമ്പിൽ
മതേതര ഇന്ത്യയിൽ രാഹുൽ യോഗ്യൻ എന്നതിൻ്റെ തെളിവാണ് ഈ അയോഗ്യനാക്കിയ നടപടിയെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെയും ലോക്സഭ സെക്രട്ടേറിയറ്റിൻ്റെയും വൃത്തിക്കെട്ട ധൃതിയെന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ ഷാഫി പറമ്പിൽ. മോദി നടത്തുന്നത് അദാനിക്കുവേണ്ടിയുള്ള ഭരണമാണ്. രാഹുലിനെ ഏറെക്കാലമായി വേട്ടയാടുകയാണ്. മതേതര ഇന്ത്യയിൽ രാഹുൽ യോഗ്യൻ എന്നതിൻ്റെ തെളിവാണ് ഈ അയോഗ്യനാക്കിയ നടപടി. ഇത് മുൻകൂട്ടിയുള്ള തിരക്കഥ അനുസരിച്ചുള്ള നാടകമെന്നും കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. രാഹുലിൻറെ പാർലമെൻറ് അംഗത്വം നഷ്ടമാകുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിയമവഴിയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ ചെറുക്കാൻ മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം.
Read More : രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യം, കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് വി മുരളീധരൻ