യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി

തൃശൂർ: ബി ബി സിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്‍റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു.

'സർക്കാരിനെ മുട്ടുകുത്തിച്ച പോരാട്ടം, അഭിവാദ്യങ്ങൾ, ലാൽസലാം സഖാവെ'; ചിന്താ ജെറോമിനെ പരിഹസിച്ച് ശബരീനാഥൻ

ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നിലപാട് ആവർത്തിച്ചു. ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു. സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണെന്നും ഷാഫി പറഞ്ഞു. തൃശൂരിൽ ബി ബി സി ഡോക്യുമെന്‍ററിയായ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

മേഘാലയയിൽ കോൺഗ്രസിന് സന്തോഷ വാർത്ത, സലേങ് സാങ്മ കോൺഗ്രസിൽ; ബിജെപി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയെന്നും സാങ്മ

നേരത്തെ ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണെന്നും ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ബി ബി സി ഡോക്യുമെന്ററി കേരളത്തിലാകെ യൂത്ത് കോൺഗ്രസ് പ്രദർശിപ്പിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബി ബി സിയുടെ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്‍റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.