ദില്ലി: ഏഴ് വര്‍ഷത്തിന് ശേഷം സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃസ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. 

പാലക്കാട് എംഎല്‍എയും യുവനേതാവുമായ ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥിനെ ഉപാധ്യക്ഷനുമാക്കി കൊണ്ടുള്ള ഒരു ഫോര്‍മുലയാണ് നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉരുതിരിഞ്ഞു വന്നിരിക്കുന്നത്. എ ഗ്രൂപ്പാണ് ഷാഫിയുടെ പേര് മുന്നോട്ട് വയ്ക്കുന്നത്. ഐ ഗ്രൂപ്പ് നോമിനിയായി ശബരീനാഥും. 

സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രം നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്. 

തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനേയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനേയും തെരഞ്ഞെടുക്കണമെന്നാണ് ദേശീയനേതൃത്വത്തിന്‍റെ ആവശ്യം. ഇന്ന് ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കണ്ട കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.