യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാൽ നിൽക്കുകയും ഇല്ലെന്ന് ഷാഫി പറമ്പിൽ

കൊച്ചി : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കമ്മറ്റിയിലെ പോരായ്മ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാൽ നിൽക്കുകയും ഇല്ല. തന്റെ യൂത്ത് കോൺഗ്രസ് പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെവന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ചേ‍ര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ വച്ച് ഷാഫ് പറമ്പിലിനെതിരെ രൂക്ഷ വിമർശനം ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സ‍ര്‍ക്കാരുകൾക്കെതിരെ പ്രധാന ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിൽ പോലും സംഘടന നിർജീവമാണെന്ന വിമര്‍ശനമാണ് എ, ഐ ഗ്രൂപ്പുകൾ യോഗത്തിലുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നിൽക്കുന്നവരാണ് ഷാഫിക്കെതിരെ വിമർശനമുയ‍ര്‍ത്തിയത്. 

കെപിസിസി പ്രസിഡന്റ് കെസുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ കൊണ്ടാണ് പാർട്ടിക്ക്‌ ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിണ്ടൻറുമാരായ നുസൂറിൻ്റെയും ബാലുവിൻ്റെയും നടപടി പിൻവലിക്കാത്തതിലും വിമർശനമുയ‍ര്‍ന്നു.