Asianet News MalayalamAsianet News Malayalam

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവച്ചത്

Shafi Parambil resigns as MLA will represent Vadakara in Lok Sabha as MP
Author
First Published Jun 11, 2024, 3:09 PM IST

തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡ‍ിഎഫിന്റെ കണക്കുകൂട്ടൽ. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ  പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios