അധികാരത്തിൻ്റെ അഹങ്കാരവും വച്ച് സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സ‍ര്‍ക്കാരിൻ്റെ ലക്ഷ്യമെങ്കിൽ കേരമാകെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവ‍ര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. അധികാരത്തിൻ്റെ അഹങ്കാരവും വച്ച് സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സ‍ര്‍ക്കാരിൻ്റെ ലക്ഷ്യമെങ്കിൽ കേരമാകെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ ഷാഫി പറമ്പിലും ശബരീനാഥും നിരാഹാര സമരം നടത്തുന്ന പന്തലിന് മുന്നിൽ വച്ചാണ് പൊലീസും പ്രവ‍ര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയും ലാത്തി ചാര്‍ജുണ്ടായി. വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. 

ഷാഫിയുടെ വാക്കുകൾ - 
പെൺകുട്ടികളെയടക്കം പുരുഷ പൊലീസ് മാനവും മര്യാദയുമില്ലാതെ അടിച്ച് ലാത്തി പൊട്ടിച്ചിരിക്കുകയാണ്. തലയ്ക്ക് അടക്കം പരിക്കേറ്റ വനിതാ പ്രവർത്തക‍രുണ്ട്. നേയിം ബോർഡ് പോലും ഇല്ലാതെയാണ് പുരുഷ പൊലീസുകാ‍ർ വന്ന് ഇവരെ തെറിവിളിച്ചതും ആക്രമിച്ചതും. ലാത്തി പൊട്ടണ വരെ തലയ്ക്കും മൂക്കിനും മുഖത്തിനുമെല്ലാം പൊലീസുകാ‍ർ അടിക്കുകയാണ്. ഈ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. അപ്പുറത്ത് പിഎസ്.സി ഉദ്യോ​ഗാർത്ഥികളുടെ സമരം 24 ദിവസമായി... സമരങ്ങളോട് ഈ സ‍ർക്കാരിന് അസഹിഷ്ണുതയാണ്. ചർ‌ച്ചയ്ക്ക് പോലും ഒരു മന്ത്രിയില്ല. അധികാരത്തിൻ്റെ ഹുങ്ക് അക്രമം അഴിച്ചു വിട്ടു കൊണ്ട് കാണിക്കാനാണ് ഈ സർക്കാരിൻ്റെ തീരുമാനമെങ്കിൽ ഈ സമരം സംസ്ഥാനമാകെ വ്യാപിക്കും.