അവസാന യാത്രയിലും ജനക്കൂട്ടം അദ്ദേഹത്തിന്റെ കൂടെയാണ്. പക്ഷേ ഇപ്പോൾ ജനക്കൂട്ടം തനിച്ചാകുകയാണ്. അവരുടെ നാഥനില്ലാതെ ആകുകയാണ്.
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. കടന്നുപോകുന്ന പാതക്കിരുവശവും പ്രിയ നേതാവിനെ അവസാനമായി കാണാൻ ജനക്കൂട്ടം തിക്കിത്തിരക്കുകയാണ്. കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിനൊപ്പം വാഹനത്തിലുണ്ട്.
''എട്ട് മണിക്കൂർ സഞ്ചരിക്കാൻ മൂന്ന് മണിക്കൂറിലേറെയായി. എത്ര ആളുകളാണ് റോഡ് സൈഡിൽ വന്നു നിൽക്കുന്നത്. പലരും ശാരീരിക വൈഷമ്യങ്ങളുള്ള ആളുകളാണ്. അവരെ എടുത്തുയർത്തിയാണ് ആളുകൾ കാണിച്ചു കൊടുക്കുന്നത്. വയസ്സായിട്ടുള്ള ആളുകളുണ്ട്. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുൾപ്പെടെ ഉള്ള ആളുകൾ എത്തിയിട്ടുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികൾ സ്കൂൾ ബസ് നിർത്തിയിട്ട് അദ്ദേഹത്തെ ഒരുനോക്ക് കാണാൻ ശ്രമിക്കുന്നുണ്ട്. മണിക്കൂറുകൾ പിന്നിട്ടിട്ടും വളരെ കുറച്ച് കിലോമീറ്റർ മാത്രം പിന്നിടുന്നതിന്റെ കാരണം ഈ മനുഷ്യന് തനിച്ചാകാൻ കഴിയില്ല എന്നുള്ളതാണ്. അവസാന യാത്രയിലും അദ്ദേഹം തനിച്ചല്ല. അവസാന യാത്രയിലും ജനക്കൂട്ടം അദ്ദേഹത്തിന്റെ കൂടെയാണ്. പക്ഷേ ഇപ്പോൾ ജനക്കൂട്ടം തനിച്ചാകുകയാണ്. അവരുടെ നാഥനില്ലാതെ ആകുകയാണ്. ഇതിൽ നിന്ന് ഒരു കാര്യം പഠിക്കാനുള്ളത് എത്രയൊക്കെ അപമാനിക്കാൻ ശ്രമിച്ചിട്ടും കുറ്റപ്പെടുത്താനും കല്ലെറിയാനും ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ നന്മ അദ്ദേഹം കൈ വിട്ടില്ല എന്നുള്ളതാണ്. ആ നന്മ കൈവിടാത്ത ആളുകളെ ജനം കൈവിടുന്നില്ല എന്നാണ് തെളിയിക്കുന്നത്. ഈ ജനസാഗരം തെളിയിക്കുന്നത്.'' കണ്ണു നിറഞ്ഞ് തൊണ്ടയിടറിക്കൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം.
