കോഴിക്കോട്: വടകരയില്‍ ഷെഹീന്‍ബാഗ് മാതൃകയില്‍ അമ്മമാരുടെ സമരം. പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് അനിശ്ചിതകാല സമരം തുടരുന്നത്. വടകര നഗരത്തിലാണ് സമരപ്പന്തല്‍. 

ഹിന്ദുസ്ഥാന്‍ സ്ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സമരപ്പന്തല്‍ നിറയെ സ്ത്രീകളാണ്. കൈക്കുഞ്ഞുങ്ങളുമായാണ് ചിലരെത്തിയത്. ജാമിയ മില്ലിയയിലെ പൊലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെ ശ്രദ്ധ നേടിയ തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് മാതൃകയിലാണ് ഇവിടുത്തെ സമരം.

ദിവസവും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സ്ത്രീകളുടെ പ്രതിഷേധം. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ പുരുഷന്മാര്‍ സമരം ഏറ്റെടുക്കും. മുസ്ലീം ലീഗാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും വിവിധ സംഘടനകള്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കടന്ന് വരാവുന്ന രീതിയിലാണ് സമരം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.