കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം ജോളിയെ തള്ളി വീണ്ടും ഷാജു രംഗത്തെത്തി. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊലപാതകങ്ങളെ കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല.അറ്റാക്കും കുഴഞ്ഞുവീണുള്ള മരണങ്ങളും സ്വഭാവികമായി തോന്നിയെന്നും എന്നാല്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും ഷാജു പറയുന്നു. തന്‍റെ അറിവില്‍ ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജോളിയുടെ കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നും ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചു.

ജോളി ഒരുപാട് ഫോൺവിളികൾ നടത്താറുണ്ടായിരുന്നു. ഇതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പറയുന്നു. അധ്യാപിക ആണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ വിളികള്‍ ജോളി നടത്തിയിരുന്നതില്‍ അങ്ങനെ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

പെൺക്കുട്ടികളോട് ജോളിക്ക് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ലെന്നും ഷാജു പറഞ്ഞു. സിനിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും പൊന്നാമറ്റം വീട്ടില്‍ നിന്ന് വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും ഷാജു പറഞ്ഞു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ജോളി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നേക്കാം എന്നും ഷാജു പറയുന്നു. അതേസമയം, ഭർത്താവെന്ന നിലയിൽ ജോളിക്ക് നിയമ സാമ്പത്തിക സഹായം നൽകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞ് മാറി.