കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന് അറിയാമായിരുന്നുവെന്ന് പൊലീസ്.

ജോളി തന്നെയാണ് ഇക്കാര്യം ഷാജുവിനെ അറിയിച്ചത്.  താനാണ് സിലിയേയും മകളേയും കൊന്നതെന്ന് ജോളി പറഞ്ഞപ്പോള്‍ അവൾ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്‍റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞു.

ജോളി പൊലീസിന് നല്‍കിയ മൊഴിയിലാണ് നിര്‍ണായകമായ ഈ വിവരമുള്ളത്. ജോളിയുടേയും റോയി തോമസിന്‍റേയും മകനായ റോമോയും ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മ പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് തന്നെ ഷാജുവിന് ഈ വിവരം അറിയാമായിരുന്നുവെന്നാണ് റോമോ പൊലീസിനെ അറിയിച്ചിരിക്കുന്നത്. 

അതേസമയം ഇന്ന് ഈ  നിര്‍ണായക വിവരം പുറത്തു വന്നതിന് മുന്‍പേ തന്നെ ക്രൈംബ്രാഞ്ച് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ എത്താനാണ് ഷാജുവിന് കിട്ടിയ നിര്‍ദേശം. നേരത്തെ ജോളി നടത്തിയ ചോദ്യം ചെയ്യല്ലില്‍ ഭാര്യയുടേയും മകളുടേയും മരണം കൊലപാതകമാണെന്ന് വിവരം അറിഞ്ഞിട്ടും എന്തു കൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിന് ഷാജു കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. 

എന്നാല്‍ ഷാജുവിനെ കസ്റ്റഡിയിലെടുക്കാതെ വെറുതെ വിട്ട പൊലീസ് ഷാജുവിനെ നിരുപരാധികം വിട്ടയച്ച നിരീക്ഷിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഷാജു താന്‍ നിരപരാധിയാണെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. ജോളി അറസ്റ്റിലായ ശേഷം ഷാജു നടത്തിയ ആരെയെല്ലാം കണ്ടും എന്തെല്ലാം ചെയ്തു എന്നെല്ലാം പൊലീസ് കൃത്യമായി നിരീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ചോദ്യം  ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുന്‍പായി സ്ഥലത്ത് ക്യാംപ് ചെയ്ത പൊലീസ് സംഘം ഷാജുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. 

കൊലാപതകങ്ങളുടെ ചുരുള്‍ അഴിക്കാനായാണ് ശവക്കല്ലറകള്‍ തുറന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും അതിനകം തന്നെ കൂടത്തായി കൊലപാതകം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുവെന്നാണ് സൂചന. അറസ്റ്റിലാവുന്നതിന് തൊട്ടുമുന്‍പ് പൊലീസ്  മകന്‍ റോമോ വഴി കൊലപാതകങ്ങളെക്കുറിച്ച് ജോളിയോട് ചോദിപ്പിച്ചു.

മകനോടുള്ള സംഭാഷണത്തില്‍ സിലിയേയും മകളേയും താനാണ് കൊലപ്പെടുത്തിയതെന്നും ഇക്കാര്യം ഷാജുവിന് അറിയാമെന്നും ജോളി വ്യക്തമായി പറഞ്ഞു. റോമോ ഇക്കാര്യങ്ങളെല്ലാം തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് നടത്തിയ ചോദ്യം  ചെയ്യല്ലില്‍ എല്ലാ കാര്യങ്ങളും ജോളി തുറന്നു സമ്മതിച്ചു.

ശവക്കല്ലറ തുറക്കാനുള്ള പൊലീസിന്‍റെ നീക്കം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞത് മുതല്‍ താന്‍ കുടുങ്ങിയെന്ന കാര്യം ജോളിക്ക് വ്യക്തമായിരുന്നു. ശവക്കല്ലറ തുറന്ന് പരിശോധിച്ച അന്നേ ദിവസം വൈകിട്ട് ജോളി അയല്‍വാസിയായ ബാവയോട് കൊലപാതകം ചെയ്ത കാര്യം ഏറ്റു പറഞ്ഞു. തനിക്ക് അബദ്ധം പറ്റിപ്പോയെന്നും ഇനി എന്തു ചെയ്യാനാവുമെന്നും ജോളി ബാവയോട് ചോദിച്ചു. ജോളിയില്‍ നിന്നറിഞ്ഞ വിവരങ്ങളെല്ലാം ബാവ റൂറല്‍ എസ്.പിയേയും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ ജോര്‍ജിനേയും വിളിച്ചറിയിച്ചു. 

ഇന്ന് പുലര്‍ച്ചെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോളിയെ പൂര്‍ണമായും തള്ളിപ്പറഞ്ഞും കുറ്റപ്പെടുത്തിയും ഷാജു രഗംത്തു വന്നിരുന്നു. തങ്ങളുടെ വിവാഹത്തിന് മുന്‍കൈയ്യെടുത്തത് ജോളിയാണെന്നും സിലി മരണപ്പെട്ട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജോളി വിവാഹക്കാര്യം പറഞ്ഞിരുന്നുവെന്നും ഷാജു വ്യക്തമാക്കിയിരുന്നു. ജോളി- റോയ് തോമസ് ദമ്പതികളുടെ മകന്‍ റോമോ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളിപ്പറഞ്ഞ ഷാജു ഇതെല്ലാം കടുത്ത മനോവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞു.