പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി, എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കും: ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്
100ശതമാനം പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വിനര്‍ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരുമാനം പുറത്തുവന്നതിനുശേഷം ആദ്യമായാണ് ടിപി രാമകൃഷ്ണൻ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണൻ ചുമതല നല്‍കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വൈകിട്ട് എല്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അറിയിക്കാനിരിക്കെയാണ് ടിപി രാമകൃഷ്ണന്‍റെ പ്രതികരണം.
ഇന്നലെ പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഇന്നലെ ഉച്ചവരെ അതില്‍ പങ്കെടുത്തിരുന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുതിര്‍ന്ന നേതാവ് ദക്ഷിണാമൂര്‍ത്തിയുടെ ചരമദിനാചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യോഗത്തില്‍നിന്ന് അവധി ചോദിച്ചാണ് കോഴിക്കോടെത്തിയത്. അപ്പോഴാണ് ഇത്തരമൊരു കാര്യം മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനറിന്‍റെ ചുമതല സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രഖ്യാപനം നടത്തേണ്ടത്. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അതൊടൊപ്പം നില്‍ക്കും.
പാര്‍ട്ടി തീരുമാനം ഏതായാലും എന്‍റെ തീരുമാനം നോക്കാതെ തന്നെ അത് പാലിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതിനുസരിച്ച് പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് ഏറ്റെടുക്കും.കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സന്നദ്ധമാകും. ഇത് മുൻകൂട്ടി തീരുമാനിച്ച് ചര്‍ച്ച ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ല.നിലവിൽ ഒരു കണ്‍വീനര്‍ പാര്‍ട്ടിക്കുണ്ട്. ഇപി ജയരാജൻ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്.ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു. അത് എന്താണെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി ഇന്ന് വിശദീകരിക്കും.
അതിനാല്‍ തന്നെ ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിയിൽ ഉണ്ടാകില്ല. 100ശതമാനം പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇപി ജയരാജൻ ജാവദേക്കറെ അങ്ങോട്ട് പോയി കണ്ടിട്ടില്ല. ഇപി ജയരാജനെ അങ്ങോട്ട് പോയി ജാവദേക്കര്‍ കാണുകയാണ് ചെയ്തത്. രാഷ്ട്രീയ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നാണ് ഇപി ജയരാജൻ പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളത്.
അതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കും. ജാവേദക്കറുമായുള്ള കൂടിക്കാഴ്ചയും ഇപിയുടെ സ്ഥാനമൊഴിയലും കൂട്ടിവായിക്കേണ്ടതില്ല. എല്ലാവരും ജാഗ്രത പുലര്‍ത്തി തന്നെയാണ് നിലപാട് സ്വീകരിക്കേണ്ടത്. ഇപിയും അത്തരം ജാഗ്രത കാണിച്ചിട്ടുണ്ട്. ഇപി ഇന്നലെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം സജീവമായി യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഇന്ന് പങ്കെടുക്കാതെ മടങ്ങിയത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.