കേരള പൊലീസിനെ നയിക്കുന്നവരെല്ലാം ചൂടുവെള്ളത്തിൽ ചാടി, നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ: തിരുവഞ്ചൂർ
പൊലീസിനുള്ളിൽ അഴിമതികളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു
കോട്ടയം:സംസ്ഥാനത്ത് നടക്കുന്നത് കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങളെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്‍പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം.ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് നിൽക്കുമെന്നും ആഭ്യന്തരവകുപ്പിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പൊലീസിന്‍റെ കേഡർ സ്വഭാവം നഷ്ടപ്പെട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരള പോലീസിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരെല്ലാം ചൂടുവെള്ളത്തിൽ ചാടി അവസ്ഥയിലാണ്.പൊലീസിനുള്ളിൽ അഴിമതികളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും. എഡിജിപിക്കെതിരെ എസ്പി ആരോപണം ഉന്നയിക്കുമ്പോൾ അത് വിശ്വാസയോഗ്യമാണ്.വെളിപ്പെടുത്തൽ പുറത്തുവന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും എഡിജിപി ഒരക്ഷരവും മിണ്ടിയിട്ടില്ല.
നാട്ടിലെ നിയമസംവിധാനം കാത്തുസൂക്ഷിക്കാൻ ബദൽ സംവിധാനം സർക്കാർ ആലോചിക്കണം. ഇങ്ങനെ പോയാൽ കേരളം കലാപഭൂമിയാകും. ഇപ്പോൾ പുകഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.തൊലിപ്പുറത്ത് ചികിത്സകൊണ്ട് പൊലീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.പി ശശിയും ആരോപണങ്ങൾ എതിർക്കുന്നില്ല. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് എല്ലാർക്കും അറിയും.
ആരുടെ ഉത്തരവുകൾ ആണ് നടപ്പിലാക്കുന്നത് എന്നും അറിയാം. മലയാള നിഘണ്ടുവിലുള്ള എല്ലാ പദങ്ങളും പൊലീസ് അങ്ങോട്ടുമിങ്ങോട്ടും പറയാറുണ്ട്. ഉദ്യോഗസ്ഥർക്ക് തമ്മിൽ ബഹുമാനമല്ല. രഹസ്യമായി പൊട്ടൻ എന്ന് വിളിക്കുന്നവൻ പരസ്യമായി ബഹു മിടുക്കൻ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോയന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.പൊലീസിന്‍റെ ആഭ്യന്തര അച്ചടക്കം പൂർണമായും നഷ്ടപ്പെട്ടു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്