തൃശ്ശൂർ: അമ്പിളിക്കല കൊവിഡ് സെൻ്ററിലെ റിമാൻഡ് പ്രതി ഷെമീറിന്റെ മരണത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. കൊവിഡ് സെൻ്ററിൽ മേൽനോട്ടക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമ്പിളിക്കല കൊവിഡ് സെൻ്ററിന്റെ പ്രവർത്തനവും അവസാനിപ്പിച്ചതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. .

ജില്ലാ ജയിലിലെ കെട്ടിടം ഇനി കൊവിഡ് കെയർ സെൻ്റർ ആക്കി മാറ്റും. നിലവിൽ അമ്പിളിക്കലയിൽ ഉള്ളവരെ ഇങ്ങോട്ട് മാറ്റാനാണ് തീരുമാനം.

അന്വേഷണം നേരിട്ട് എറ്റെടുത്ത ജയിൽ ‍ഡ‍ിജിപി ഇന്ന് കൊവിഡ് സെൻ്റർ സന്ദർശിച്ച് ഷെമീറിനൊപ്പമുള്ള പ്രതികളുടെ മൊഴിയെടുത്തു. ഷെമീറിന് മ‍ർദ്ദനമേറ്റതായി നിരവിധി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും ‍‍ഋഷിരാജ്  സിംഗ് വിവരം ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ജീവനക്കാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് ജയിൽ ഡിജിപി അറിയിക്കുന്നത്. 

മയക്കുമരുന്നു കേസിലോ കഞ്ചാവു കേസിലോ പിടിക്കപ്പെട്ടവര്‍ വരുമ്പോൾ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാധാരണ റാംഗിംഗ് മാത്രമാണ് നടന്നതെന്നായിരുന്നു ഇന്നലെ വരെ ജയിൽ വകുപ്പിന്റെ നിലപാട്. അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ജയിൽ ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. 2 പേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും, ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായാണ് മാറ്റിയത്.