വയലാറിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു
ആലപ്പുഴ: SDPI നേതാവ് കെ.എസ്.ഷാന്‍ (k s shan)വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഷാനിനെ വധിക്കാന്‍ കൊലയാളിസംഘം രണ്ടരമാസമാണ് കാത്തിരുന്നത്. കാറിലെത്തിയ കൊലയാളി സംഘത്തിന് പുറമെ ഒരു ബൈക്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. വയലാറിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു
നന്ദുവിനെ എസ്.ഡി.പി.ഐ പ്രവര്‍ക്കര്‍ കൊലചെയ്തതിന് ശേഷം പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ആര്‍എസ്എസ് സംഘം. ഷാന്‍ ഉള്‍പ്പടെയുള്ള എതിരാളികളുടെ പട്ടിക തയ്യാറാക്കി പിന്നാലെ നീങ്ങി. കഴിഞ്ഞ പതിമൂന്നാംതീയതി സംഘം വീണ്ടും ഒത്തുകൂടി. പതിനാറാം തീയതിമുതല്‍ അവസരം കാത്ത് പിന്നാലെ. പതിനെട്ടാം തീയതി രാത്രി ഏഴരയോടെ കൃത്യം നിര്‍വഹിക്കുന്നു. കാറില്‍ അഞ്ചുപേര്‍. കാറിന് മുന്നില്‍ ഷാന്‍ സഞ്ചരിക്കുന്ന വഴികാട്ടാന്‍ ബൈക്കില്‍ ഒരാള്‍. അങ്ങനെ ആറംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. മണ്ണഞ്ചേരി, ആര്യാട്, കാവുങ്കല്‍ പ്രദേശങ്ങളിലുള്ളവരാണ് കൊലനടത്തിയത്. വാഹനം ഉപേക്ഷിച്ചശേഷം ചേര്‍ത്തല ഭാഗത്തേക്ക് കടന്നു. പ്രതികളില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരുടെയും പേരുവിവരങ്ങള്‍ പിടിയിലായ രണ്ടുപേരില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഒളിവുകേന്ദ്രം കണ്ടെത്താനാണ് പൊലീസിന് ഇതുവരെ കഴിയാത്തത്. ആസൂത്രിത കൊലപാതകമായതിനാല്‍ ആര്‍എസ്എസിന്‍റെ ഉയര്‍ന്നനേതാക്കളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
