കോഴിക്കോട്: ''ഞാനൊരു കാര്യം ചെയ്യാം. എന്‍റെ കുട്ടികൾക്ക് ഞാൻ മാസങ്ങൾക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ വാങ്ങി വച്ചതാ. ലോക്ക്ഡൗണായാൽ വാങ്ങാൻ പറ്റാതെ വരുമോ എന്ന് കരുതിയിട്ട്. അപ്പോ വാങ്ങി വച്ചാൽ അതിൽ എന്തെങ്കിലും വൈറസ് വരുമോ എന്ന് പേടിച്ചിട്ട്. ഞാനാ അതൊക്കെ കഴുകി ഉണക്കി ആശുപത്രിയിൽ കൊണ്ടുവന്നത്. നോക്ക്, ആ വരാന്തയിൽ എല്ലാം കൂട്ടി വച്ചിട്ടുണ്ട്. എന്‍റെ ഭാര്യയെ ഡിസ്ചാർജ് ചെയ്താ അതെല്ലാം കൊണ്ടുപോയി ഞാൻ കളക്ടർക്ക് കൊടുക്കും. എല്ലാം വീതിച്ച് കൊടുക്കട്ടെ. എന്‍റെ കുട്ടികളെ കൊന്ന സൂപ്രണ്ടിനും അവരെ പിന്തുണയ്ക്കുന്ന മന്ത്രിയ്ക്കും ഒക്കെ വീതിച്ച് കൊടുക്കട്ടെ'', പൊട്ടിക്കരഞ്ഞുകൊണ്ട് ഇത് പറയുന്നത് ഷെരീഫാണ്. കൊവിഡ് പോസിറ്റീവാണോ എന്ന സംശയത്താൽ ഗർഭിണിക്ക്, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് അടക്കം മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയും ചെയ്തതിനെത്തുടർന്ന് സ്വന്തം ഇരട്ടക്കുട്ടികളെ നഷ്ടമായ അച്ഛൻ. 

തന്‍റെ കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി പറയുന്നതെല്ലാം കള്ളമാണെന്ന് ഷെരീഫ് പറയുന്നു. സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണത്തിൽ ഒരു വിശ്വാസവുമില്ല. അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. വേദനയോടെയാണ് ഓരോ കാര്യങ്ങളും കേൾക്കുന്നതെന്നും ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. മനുഷ്യാവകാശകമ്മീഷനെ സമീപിക്കുമെന്നും ഷെരീഫ് വ്യക്തമാക്കി. 

മഞ്ചേരി മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് കൊണ്ടോട്ടി കീഴ്‍ച്ചേരി സ്വദേശിനിയായ ഇരുപതുകാരിയെ പ്രവേശിപ്പിക്കുന്നത്. ആന്‍റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു അവർ. പ്രസവവേദനയോടെ ആശുപത്രിയിലേക്ക് വന്നിട്ടും രാവിലെ പതിനൊന്നേമുക്കാലായിട്ടും അവർക്ക് ചികിത്സ ലഭിച്ചില്ല. പിന്നീട് മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ആർടിപിസിആർ ടെസ്റ്റ് നടത്താത്തതിനാൽ കൊവിഡ് പോസിറ്റീവാണോ എന്ന സംശയം മൂലം ഇവരെല്ലാം ചികിത്സ നിഷേധിച്ചു. ഒടുവിൽ വൈകിട്ട് ആറ് മണിയോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. 

Image may contain: 2 people, people sitting and food

ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും, അന്വേഷണം പ്രഖ്യാപിച്ചുവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. എന്നാൽ, മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് യുവതിയെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി കൊണ്ടുപോവുകയായിരുന്നുവെന്നും, ചികിത്സ നൽകുന്നതിൽ ഒരു വീഴ്ചയും ആശുപത്രിക്ക് ഉണ്ടായിട്ടില്ലെന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകിയത്. ഇത് ആരോഗ്യവകുപ്പ് അറിയിക്കുകയും ചെയ്തു. ഇത് പൂർണമായും തെറ്റാണെന്ന് ഷെരീഫ് പറയുന്നു. 

''മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഒരു വിവരങ്ങളും എന്നോട് ആരാഞ്ഞിട്ടില്ല. എന്ത് സംഭവിച്ചു എന്ന് ചോദിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരോട് മാത്രമാണ് ചോദിച്ചത്. മന്ത്രി അവരുടെ റിപ്പോർട്ട് അതേപടി വായിക്കുകയാണ് ചെയ്തത്. ഷെരീഫേ, അങ്ങനായിരുന്നോ എന്ന് ഒരു വരി എന്നോട് ചോദിച്ചുകൂടായിരുന്നോ?'', കുട്ടികളുടെ അച്ഛൻ. 

യുവതി ഇപ്പോൾ കോഴിക്കോട്ടെ മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. എല്ലാ വേദനയും കടിച്ചമർത്തിയാണ് അവർ അവിടെ തുടരുന്നതെന്ന് ഷെരീഫ് പറയുന്നു. പ്രസവവേദന കൊണ്ട് പുളയുന്ന ഭാര്യയെയും കൊണ്ടാണ് പുലർച്ചെ നാലരയ്ക്ക് താൻ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അങ്ങനെയുള്ള തന്‍റെ ഭാര്യയെയും കൊണ്ട് താൻ എങ്ങോട്ട് പോകാനാണ്? ഷെരീഫ് ചോദിക്കുന്നു.

''പുലർച്ചെ നാലരയ്ക്ക് പോകുമ്പോഴും നമ്മള് കരുതുന്നത് പ്രസവിച്ച് കൊണ്ടുവരുമെന്നല്ലേ? അവിടെത്തിയിട്ടും ഒരു പരിഗണനയുമില്ല. എട്ടരയായിട്ടും ആരും നോക്കിയില്ല. പത്ത് മണിയായപ്പോൾ ഒരു ഡോക്ടർ വന്ന് നോക്കി. നല്ല വേദനയുണ്ട്. ഇപ്പോഴെങ്ങും പോകണ്ട എന്ന് പറഞ്ഞു. ഞാനെങ്ങോട്ട് കൊണ്ടുപോകാനാണ്. കൊവിഡ് വന്ന് നെഗറ്റീവായതുകൊണ്ട്, അവൾക്ക് വേറെവിടെയും എളുപ്പത്തിൽ ചികിത്സ കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഞാൻ മഞ്ചേരി മെഡിക്കൽ കോളേജിൽ പോയത്. പതിനൊന്നേമുക്കാലായപ്പോൾ അവർ കൊണ്ടുപോകാൻ പറഞ്ഞു. പുലർച്ചെ നാലരയ്ക്ക് ഞങ്ങളെത്തിയതാണ് അവിടെ. അവിടെ നിന്ന് ഞങ്ങളെവിടെപ്പോകാനാണ്. ഈ ഞങ്ങളാണ് നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപ്പോയെന്ന് ആശുപത്രി അധികൃതർ പറയുന്നത്. കുഞ്ഞുങ്ങള് പോയെന്നറിഞ്ഞപ്പോ മുതൽ ഞങ്ങള് വേദന കടിച്ചുപിടിച്ച് നിൽക്കുകയാണ്. പുറത്തിറങ്ങുമ്പോൾ ഞങ്ങൾ കേൾക്കുന്നത് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ്. അവരെന്താണ് പറയുന്നത്? എന്‍റെ കുട്ടികളെ ഞാൻ കൊല്ലാൻ കൊണ്ടുപോയെന്നോ? എന്താണിത്? ഞാനൊരു മനുഷ്യനല്ലേ?'', പൊട്ടിക്കരഞ്ഞുകൊണ്ട് ഷെരീഫ് ചോദിക്കുന്നു. 

മലപ്പുറം ഡിഎംഒയെ തനിക്ക് വിശ്വാസമാണെന്ന് ഷെരീഫ് പറയുന്നു. ഇത്തരമൊരു റിപ്പോർട്ട് ഞാൻ കൊടുക്കില്ലെന്നും, ഷെരീഫ് അനുഭവിച്ച വേദന തനിക്ക് മനസ്സിലാകുമെന്നും ഡിഎംഒ പറഞ്ഞതായി ഷെരീഫ് വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കിട്ടിയത് മികച്ച സഹകരണമാണ്. ആരെ സംരക്ഷിക്കാനാണ് ഇത്തരത്തിൽ ആരോഗ്യമന്ത്രി പറയുന്നതെന്ന് അറിയില്ലെന്നും ഷെരീഫ് പറയുമ്പോൾ, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമോ എന്നത് തന്നെയാണ് നിർണായകമാകുന്നത്.