തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് റീ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

തിരുവനന്തപുരം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹത്തിൻ്റ ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് റീ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഷാർജയിൽ സംസ്കരിച്ചിരുന്നു.

കഴിഞ്ഞ പത്താം തിയതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷിനൊപ്പം യുഎഇയിലായിരുന്നു താമസിക്കുന്നത്. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജയും വെളിപ്പെടുത്തിയിരുന്നു.

വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനെ കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

YouTube video player