Asianet News MalayalamAsianet News Malayalam

'ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു'; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി

ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിക്കുന്നു.

sharon murder case greeshma s mother and uncle files petition for anticipatory bail
Author
First Published Nov 11, 2022, 6:45 PM IST

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.

ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹർജി തള്ളിയിരുന്നു.

ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരെയാണ് പൊലീസ് കേസില്‍ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: കാമുകി വിഷം കൊടുത്തു കൊലപ്പെടുത്തിയ ഷരോണിന് ഡിഗ്രി പരീക്ഷയില്‍ മികച്ച വിജയം

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios