കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തണം. സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നു. പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്റ്റേഷന് സമീപത്തെ പമ്പുകള്‍ ഒഴിവാക്കി ഇവിടയെത്തിയെത് ആസൂത്രിതമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഞായറാഴ്ച വൈകിട്ടാണ് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
എന്നാൽ മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ് ഷാറൂഖ് സെയ്ഫി. ബോഗിക്കടക്കം തീയിട്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഷാറൂഖ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലർത്തിയോ എന്ന് പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവ വികാസങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണം എന്നും അന്വേഷിക്കുന്നുണ്ട്.
