'എവിടെ നിന്നാണ് വരുന്നതെന്ന് നോക്കിയും നിറം നോക്കിയുമൊന്നുമല്ല ഒരാളെ വിമർശിക്കേണ്ടത്. അത്തരം വാക്കുകൾ നാണംകെട്ടതാണ്. ഏറ്റവും തരം താണ പ്രവൃത്തിയുമാണ്'
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി ജെ പി എം എൽ എയും കർണാടക മുൻ ആഭ്യന്തര മന്ത്രിയുമായ അരഗ ജ്ഞാനേന്ദ്രക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ എം പി രംഗത്ത്. ഞെട്ടിക്കുന്ന പരാമർശമാണ് അരഗ ജ്ഞാനേന്ദ്രയുടേതെന്നും നാണംകെട്ട വാക്കുകളാണ് അദ്ദേഹം പ്രയോഗിച്ചതെന്നും തരൂർ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ പറഞ്ഞു. ഒരാളുടെ നിറത്തെ അധിക്ഷേപിച്ചുള്ള ഇത്തരം പരാമർശങ്ങൾ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടിയിലെ ആരെങ്കിലുമായി പ്രശ്നം എന്തെങ്കിലും തോന്നിയാൽ ക്രീയാത്മകമായ വിമർശനമാണ് ഉന്നയിക്കേണ്ടതെന്നും ശശി തരൂർ കർണാടകയിലെ ബി ജെ പി എം എൽ എയോട് ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കൾ ചെയ്യുന്ന കാര്യങ്ങളെയും അതിലെ പ്രശ്നങ്ങളെയും നിങ്ങൾ വിമർശിക്കുന്നതിൽ തെറ്റില്ല. ക്രീയാത്മകമായ ഭാഷയിൽ വിമർശിക്കാം. അല്ലാതെ ശരീരത്തിന്‍റെ നിറം നോക്കിയല്ല വിമർശിക്കാൻ. അത്തരത്തിൽ ഒരാളും ആരോടും സംസാരിക്കരുത്. എവിടെ നിന്നാണ് വരുന്നതെന്ന് നോക്കിയും നിറം നോക്കിയുമൊന്നുമല്ല ഒരാളെ വിമർശിക്കേണ്ടത്. അത്തരം വാക്കുകൾ നാണംകെട്ടതാണ്. ഏറ്റവും തരം താണ പ്രവൃത്തിയുമാണ്. ഇങ്ങനെയുള്ള പ്രസ്താവനകൾ ആരും പിന്തുടരുത്. ഒരിക്കലും മാപ്പ് അർഹിക്കാത്ത വാക്കുകളാണ് ബി ജെ പി എം എൽ എ അരഗ ജ്ഞാനേന്ദ്ര, മല്ലികാർജുൻ ഖാർഗയെക്കുറിച്ച് പറഞ്ഞതെന്നും ശശിതരൂർ കൂട്ടിച്ചേർത്തു.
അതേസമയം മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്‍റെ പേരിൽ അരഗ ജ്ഞാനേന്ദ്രക്കെതിരേ പൊലീസ് കേസെടുത്തു. കലബുറഗിയിലെ അശോക് നഗർ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ രാജീവ് ജെയിൻ നൽകിയ പരാതിയിലാണ് അശോക് നഗർ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 504 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
