തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നാണ് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ദി പീപ്പിൾ പരിപാടിയിൽ പ്രതികരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നാണ് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ദി പീപ്പിൾ പരിപാടിയിൽ പ്രതികരിച്ചത്.
ലീഗ് റാലിയിലെ പലസ്തീൻ പരാമർശത്തിൽ തിരുത്തില്ലെന്നും ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദങ്ങൾ അനാവശ്യമാണ്, പറഞ്ഞത് പാർട്ടി ലൈനാണ്. ഗാസ വിഷയത്തിൽ എല്ലാ കാലത്തും ഒരേ നിലപാടാണ് എടുത്തത്. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പങ്കെടുക്കുന്ന ഫേസ് ദി പീപ്പിൾ എന്ന പരിപാടി ഇന്ന് വൈകീട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

