Asianet News MalayalamAsianet News Malayalam

മലപ്പുറം ഡിസിസിയിൽ ശശി തരൂരെത്തി, പ്രമുഖ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു

അതേസമയം മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ ഡിസിസിയിൽ സ്വീകരിച്ചത്

Shashi tharoor visits Malappuram DCC many leaders were not present
Author
First Published Nov 22, 2022, 10:46 AM IST

മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തെ പാണക്കാട് തറവാട്ടിലെത്തി കണ്ട ശേഷം ശശി തരൂർ എംപി മലപ്പുറം ഡിസിസിയിൽ എത്തി. എന്നാൽ ജില്ലയിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ അടക്കം പ്രമുഖ നേതാക്കളിൽ പലരും പരിപാടിയിൽ നിന്നു വിട്ടുനിന്നു. വിട്ടുനിൽക്കുന്നതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടാൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവർ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഡിസിസിയിൽ ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിരുന്നില്ലെന്നാണ് വിഎസ് ജോയ് പറഞ്ഞത്. അതേസമയം മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ ഡിസിസിയിൽ സ്വീകരിച്ചത്.

അതേസമയം മുസ്ലിം ലീഗ് നേതൃത്വം ഇരുകൈയ്യും നീട്ടിയാണ് ശശി തരൂരിനെ സ്വീകരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പാണക്കാടെത്തി. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തരൂർ മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. കോൺഗ്രസ്‌ സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമോയെന്ന് വിലയിരുത്തേണ്ടത് തങ്ങളല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ലക്ഷ്യമില്ലെന്നാണ് ശശി തരൂർ പറഞ്ഞു. അതിന് താൽപര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാണക്കാട്ടെ തന്‍റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട് സന്ദർശനത്തിന് ശേഷം തരൂർ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികളോട് സംവദിച്ച ശേഷം തരൂർ കോഴിക്കോട്ടേക്ക്‌ മടങ്ങും.
 

Follow Us:
Download App:
  • android
  • ios