ചാലക്കുടി വ്യാജ ലഹരി കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലിവിയയുടെ അറസ്റ്റിൽ പ്രതികരിച്ച് ഷീല സണ്ണി

തൃശ്ശൂർ: ചാലക്കുടി വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീലാ സണ്ണി. ഏഷ്യാനെറ്റ് ന്യൂസിനോട് ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു അവർ. ലിവിയയും നാരായണദാസും മാത്രമല്ല കേസിലെ പ്രതിയെന്നും തൻ്റെ മരുമകൾക്കും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല സണ്ണി പറഞ്ഞു.

തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കും ഇത്തരത്തിൽ ഒരു കടുംകൈ ചെയ്തതെന്ന് കരുതുന്നു. കേസ് ചുമത്തി ജയിലിലായ സമയത്ത് താൻ ഇറ്റലിയിലേക്ക് പോകുന്നതിനുള്ള ആലോചന നടക്കുകയായിരുന്നു. ബംഗളൂരുവിലായിരുന്നു അതിൻ്റെ അഭിമുഖം അടക്കമുള്ള കാര്യങ്ങൾ നടക്കേണ്ടിയിരുന്നത്. താൻ ബെംഗളൂരുവിൽ ചെന്നാൽ ലിവിയയും നാരായണ ദാസും തമ്മിലുള്ള ബന്ധം പുറത്തറിയുമെന്ന് അവർ സംശയിച്ചിരിക്കാമെന്നും ഷീല പ്രതികരിച്ചു.

ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ കേരളാ പൊലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ലിവിയ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ കുടുക്കിയ മുഖ്യ കണ്ണിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോഴാണ് ഇവർ ദുബായിലേക്ക് പോയത്. ലിവിയയെ നാളെ കേരളത്തിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസാണ് കേസിലെ ഒന്നാം പ്രതി. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നൽകി. ബെംഗളൂരുവില്‍ വെച്ച് ആഫ്രിക്കക്കാരനിൽ നിന്നാണ് ഇവര്‍, ഒറിജിനലാണെന്ന് ഉറപ്പിച്ച് എല്‍എസ്ഡി സ്റ്റാംപുകള്‍ വാങ്ങിയത്. പൊലീസ് പരിശോധനക്ക് ശേഷമാണ് തങ്ങള്‍ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണെന്ന് അറിഞ്ഞതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ലിവിയയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറയുന്നു.

YouTube video player