തിരുവനന്തപുരം: വര്‍ഷങ്ങളായി  സ്കോളര്‍ഷിപ്പ് ലഭിച്ചില്ലെന്നും പിജി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല തടഞ്ഞ് വച്ചിരിക്കുകയാണെന്നും മന്ത്രി എ കെ ബാലന് പരാതി  നല്‍കിയ യുവതിക്ക് മണിക്കൂറുകള്‍ക്കകം മറുപടി നല്‍കി മന്ത്രി. പിന്നാക്ക സമുദായ അംഗമായ ഷീനു ദാസ് എന്ന യുവതിയാണ് പട്ടിക ജാതി വികസന ഓഫീസില്‍ നിന്നടക്കം നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകളെ ചൂണ്ടിക്കാട്ടി മന്ത്രിക്ക് മെയിലും ഫേസ്ബുക്ക് സന്ദേശവും അയച്ചത്. 

ഷീനുവിന്‍റെ പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ വണ്ടൂര്‍ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതിയിലെ വിവരങ്ങള്‍ അന്വേഷിച്ച് ഫോണ്‍ വിളി വരികയും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തെന്ന് മന്ത്രിക്ക് നന്ദി അറിയിച്ച് യുവതി ഫേസ്ബുക്കില്‍ കുറിച്ചു. എ കെ ബാലന് ഷീനു അയച്ച പരാതിയും ഉള്‍പ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. 

'കൂലിപ്പണിക്കാരുടെ മകളായിട്ടും ഗവണ്മെന്റ് കൂടെയുണ്ടല്ലോ എന്നുള്ള പ്രതീക്ഷയോടെയാണ് സാർ മുകളിലേക്ക് പഠിക്കാൻ ശ്രമിച്ചത്. ഒരുപാട് ദളിത് വിദ്യാർഥികൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഭയന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെയും നിസ്സഹായതയോടെയും ആണ് കാണുന്നത്'- ഷീനു ഫേസ്ബുക്കില്‍ കുറിച്ചു.

ഷീനു ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഇന്ന് രാവിലെ ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വർഗ മറ്റ് പിന്നോക്ക വർഗ ക്ഷേമകാര്യ മന്ത്രി ശ്രീ എ കെ ബാലന്, 2015-17 കാലഘട്ടത്തിൽ അനുവദിക്കാതെ പോയ പോസ്റ്റ്‌ മെട്രിക് സ്കോളര്ഷിപ്പിനെ കുറിച്ചും, യൂണിവേഴ്സിറ്റിയിൽ തടഞ്ഞു വെച്ച പിജി സർട്ടിഫിക്കറ്റിനെ കുറിച്ചും, ആ കാലത്ത് മലപ്പുറം പട്ടിക ജാതി വികസന ഓഫീസിൽ നിന്നും നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകളെയും അതുമൂലമുണ്ടായ മാനസിക വിഷമത്തെ കുറിച്ചും വിശദമായൊരു മെയിലും ഫേസ്ബുക് വഴി ഒരു പേർസണൽ മെസ്സേജും അയക്കുകയുണ്ടായി.

2 മണിക്കൂറിനുള്ളിൽ വണ്ടൂർ പട്ടികജാതി വികസന ബ്ലോക്ക്‌ ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നും മെയിലിലെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് കാൾ വരികയും immediate ആയി വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനും നിർദ്ദേശം വന്നു.

ഇതുവരെ ഞാൻ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാതിരുന്ന ഞങ്ങളുടെ SC പ്രൊമോട്ടർ അച്ഛനെ അപ്പോൾ തന്നെ വിളിക്കുകയും, എന്റെ നമ്പർ collect ചെയ്ത് എന്നെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നും പറഞ്ഞു ഞാനയച്ച മെയിലിനു ഇത്ര പെട്ടെന്ന് മറുപടി വരും എന്ന് ഞാൻ വിചാരിച്ചില്ലായിരുന്നു. 
ഒരുപാട് സന്തോഷം തോന്നി. കുറഞ്ഞ പക്ഷം പ്രതികരിച്ചല്ലോ.

എത്രയും പെട്ടെന്ന് അപ്ലിക്കേഷൻ ഡീറ്റെയിൽസ് ഡിപ്പാർട്മെന്റിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്. ഉടനടി കേസിന്മേൽ ആക്ഷൻ എടുക്കും എന്നും പറഞ്ഞു.

ഒരുപാട് സന്തോഷം 
മന്ത്രി A. K. Balan❤

------------------------- ------------------------ ---------------------------
എന്റെ കംപ്ലയിന്റിന്റെ പൂർണ രൂപം 👇

ബഹുമാനപെട്ട സർ 
ഞാൻ ഷീനുദാസ് 
മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ കാരക്കുന്ന് വില്ലേജിൽ, എരഞ്ഞമണ്ണ പട്ടികജാതി കോളനിയിലെ പെരുമണ്ണാൻ വിഭാഗത്തിൽപെട്ട ആളാണ്.

2015- 17 കാലഘട്ടത്തിൽ ഏഷ്യയിലെ തന്നെ നമ്പർ വൺ യൂണിവേഴ്‌സിറ്റിയും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസെസ്സിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (MA in Social Work) കഴിഞ്ഞ് ഒരു നോൺ ഗവണ്മെന്റ് ഓർഗനൈസഷനിൽ തുച്ഛമായ സാലറിക്ക് വർക്ക്‌ ചെയ്യുകയാണ്.

പഠിക്കുന്ന സമയത്ത് ലഭിക്കേണ്ട സ്കോളർഷിപ് തുക ഒരു ഗഡു പോലും ലഭിക്കാതിരിക്കുകയും എന്റെ സർട്ടിഫിക്കേറ്റ് യൂണിവേഴ്സിറ്റി തടഞ്ഞു വെച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഞാനീ നിവേദനം അങ്ങേക്ക് മുന്നിൽ സമർപ്പിക്കുന്നത്.

തികച്ചും സാമൂഹിക വിരുദ്ധമായ രീതിയിലുള്ള മലപ്പുറം പട്ടിക ജാതി വികസന ഓഫീസിലെ സ്റ്റാഫുകളുടെ പെരുമാറ്റം അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരുപാട് മനോവിഷമം ഉണ്ടാക്കിയെന്നും അറിയിക്കട്ടെ. 
ആ വർഷം തന്നെ ഒന്നാമത്തെ വർഷത്തിന് തരേണ്ട അപേക്ഷ ഫോം രണ്ടാമത്തെ വർഷത്തിലും രണ്ടാമത്തെ വർഷത്തേക്ക് തരേണ്ട അപേക്ഷ ഫോം ഒന്നാമത്തെ വർഷത്തിലും തന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.

ബിരുദം വരെ അതാത് കോളേജ് ഡിപ്പാർട്മെന്റുകൾ ചെയ്തു പോന്നിരുന്ന ഒരു കാര്യം പെട്ടെന്ന് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമായി മാറുമ്പോൾ ഉണ്ടാവുന്ന ഇത്തരം തിരിച്ചറിവില്ലായ്മകൾ വിദ്യാർത്ഥികളുടെ ഭാഗത്ത്‌ നിന്നും, ശ്രദ്ധയില്ലായ്മകൾ ഓഫീസ് സ്റ്റാഫുകളുടെ ഭാഗത്ത്‌ നിന്നും തുടർച്ചയായി കണ്ടു വരുന്നുണ്ട്.

സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെച്ചതിനാൽ എന്റെ തുടർന്നുള്ള പഠനവും, മുന്പോട്ടുള്ള ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. 
എന്റെ തുച്ഛമായ ശമ്പളം, പഠിക്കുന്ന സമയത്ത് സ്കോളർഷിപ് ലഭിക്കാത്തതിനാൽ അന്നെടുത്ത ലോൺ തീർക്കാൻ തികയാത്ത സാഹചര്യത്തിൽ ഫീസ് ഇനത്തിലുള്ള തുക അടക്കാൻ എന്നാൽ കഴിയില്ല.

അപേക്ഷ സമർപ്പിച്ചത് ഓഫ്‌ലൈൻ വഴിയായതിനാൽ അപ്ലിക്കേഷൻ ഫോം നമ്പറോ മറ്റ് തെളിവുകളോ ഒന്നും കൈവശമില്ല. അതിനാൽ തന്നെ ചെല്ലുന്ന ഡിപ്പാർട്‌മെന്റുകൾ എല്ലാം കൈമലർത്തി കാണിക്കുകയാണ്.

കൂലിപ്പണിക്കാരുടെ മകളായിട്ടും ഗവണ്മെന്റ് കൂടെയുണ്ടല്ലോ എന്നുള്ള പ്രതീക്ഷയോടെയാണ് സാർ മുകളിലേക്ക് പഠിക്കാൻ ശ്രമിച്ചത്. 
എന്നാൽ ഇപ്പോൾ സംരക്ഷിക്കേണ്ടവർ തന്നെ പറ്റിച്ചു കളഞ്ഞോ എന്നൊരു തോന്നലും ഉണ്ട്. 
ഒരുപാട് ദളിത് വിദ്യാർഥികൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഭയന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെയും നിസ്സഹായതയോടെയും ആണ് കാണുന്നത്.

കഴിയുമെങ്കിൽ എനിക്ക് ലഭിക്കേണ്ട നീതി നടപ്പിലാക്കാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ കഴിയുന്ന വിധത്തിൽ നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

എന്ന് 
വിശ്വസ്തതയോടെ 
ഷീനുദാസ്