കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് നടന്നു കഴിഞ്ഞുവെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഭരണവിരുദ്ധ വികാരം കാരണം സിപിഎം പ്രവർത്തകർ പോലും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും പശ്ചിമ ബംഗാളിലേത് പോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുമെന്നും അദ്ദേഹം പ്രവചിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം അതിക്രമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

തിരുവനന്തപുരം: കേരളത്തിൽ നടന്നു കഴിഞ്ഞത് യുഡിഎഫിന് അനുകൂലമായ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം കൊല്ലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സിപിഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്. മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് തിരിച്ചറിയാൻ സാധിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുന്നവർക്ക് നേരായ അതിക്രമം കാടത്തമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിപിഎം കാടത്തമാണ് കാണിക്കുന്നത്. കാർ കത്തിക്കുന്നു, ചുവരെഴുതാൻ സ്ഥലം കൊടുത്തതിന് ചുവർ ഇടിച്ച് കളയുന്നു. ചുവർ ഇടിച്ചു കളയുന്ന സംഭവം കേരളത്തിൽ ആദ്യമാണ്. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സിപിഎം ഇപ്പോഴും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരല്ല കേരളത്തിലെ വലിയൊരു വിഭാഗമെന്നും എന്നാൽ അവരുടെ പ്രവർത്തനശൈലി അവരെ നാശത്തിലേക്കാണ് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ്യരായ ഒന്നിലധികം പേർ മുന്നണിയിലുണ്ടെന്നത് പോസിറ്റീവായ കാര്യമാണ്. പൊതുസമ്മതനായ ഒരാളെ തർക്കങ്ങളില്ലാതെ തന്നെ മുന്നണി നിശ്ചയിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.