മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച 59-കാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആരോഗ്യവകുപ്പ് രോഗവ്യാപനം തടയാൻ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു
മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം. വയറിളക്കം കടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷമുള്ള വിശദമായ പരിശോധനാ ഫലത്തിലാണ് ഇന്ന് ഇവർക്ക് ഷിഗല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് മാത്രം പുതുതായി 18 പേർക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്ത് മരിച്ച സരോജിനിയുടെ കേസ് ഉൾപ്പെടെയാണ് ഇന്നത്തെ ഔദ്യോഗിക രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാനത്തും മലപ്പുറത്തും കൂടി ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും കനക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ
കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.ആഹാരത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പുറത്തുനിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും പഴകിയ ജ്യൂസുകളും പൂർണ്ണമായും ഒഴിവാക്കുക. വിട്ടുമാറാത്ത പനി, വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.

