ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ രേഖകള്‍ ഹാജരാക്കി ഷൈൻ ടോം ചാക്കോ. ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് ഷൈന്‍റെ മാതാപിതാക്കള്‍ ഹാജരാക്കിയത്.
കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ രേഖകള്‍ ഹാജരാക്കി നടൻ ഷൈൻ ടോം ചാക്കോ. ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് ഹാജരാക്കിയത്. ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും എത്തിയാണ് രേഖകള്‍ കൈമാറിയത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സ യിൽ ആണെന്ന് ഷൈൻ അറിയിച്ചിരുന്നു.
ഇതിന്‍റെ രേഖകളുമായാണ് കുടുംബം എത്തിയത്. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ ഇന്ന് മൊഴി നൽകിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. നേരത്തെയും തസ്ലീമിയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നൽകിയിരുന്നു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ എക്സൈസ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെയാണ് വൈകിട്ടോടെ ഷൈന്‍റെ മാതാപിതാക്കളെത്തി മെഡിക്കൽ രേഖകള്‍ ഹാജരാക്കിയത്.
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്നാണ് മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയിൽ വച്ച് അറിയാം. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നൽകിയ മൊഴി.
പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്സ്ആപ്പ് ചാറ്റ് നടത്തിയതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലിൽ എക്സൈസിന് സഹായകരമാകും.

