Asianet News MalayalamAsianet News Malayalam

എസ്.എച്ച്.ഒ മുതൽ ഡിജിപി വരെ; പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

മോൺസണുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് പൊലീസുകാരുടെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചു കൂടുന്നത്. ഞായറാഴ്ചയാണ് യോഗം. 

SHO to DGP CM Pinaryai Vijayan to hold meeting with Police officers
Author
Thiruvananthapuram, First Published Sep 30, 2021, 1:19 PM IST

തിരുവനന്തപുരം: പൊലീസിനെതിരെ (kerala police) പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോ​ഗസ്ഥ‍ർ യോ​ഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. ​ഗൂ​ഗിൾ മീറ്റ് വഴിയാണ് യോ​ഗം ചേരുന്നത്. 

മോൺസണുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് പൊലീസുകാരുടെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചു കൂടുന്നത്. ഞായറാഴ്ചയാണ് യോഗം. സർക്കാറിൻറെ പ്രവർത്തനം അളക്കുന്നതിൽ പൊലീസിൻറെ ഇടപെടലും ഘടകമാകുമെന്ന് ഇന്ന് രാവിലെ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

മോൺസൺ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസണൻറെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം വിവാദമായി. 

മോൺസണെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവുമെല്ലാം സേനക്കാകെ നാണക്കോടായി മാറി. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഡിജിപി മുതൽ എസ്എച്ച്ഒമാർ വരെയുള്ളവർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
 

Follow Us:
Download App:
  • android
  • ios