Asianet News MalayalamAsianet News Malayalam

ബിജെപിയെ ആര് നയിക്കും? എല്ലാം കേന്ദ്രം തീരുമാനിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്തില്ലെന്നും ശോഭാ സുരേന്ദ്രന്‍

Shobha Surendran says there is no confusion regarding who is next bjp state president
Author
Trivandrum, First Published Oct 26, 2019, 12:54 PM IST

തിരുവനന്തപുരം: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറിച്ച് ആശയക്കുഴപ്പമില്ലെന്ന് ശോഭാ സുരേന്ദ്രൻ. യോഗ്യരായ നിരവധി ആളുകള്‍ പാര്‍ട്ടിയിലുണ്ട്. തനിക്ക് പദവി വേണമെന്ന് ശഠിക്കുന്നവരല്ല ആരും. ഉചിതമായ നേതൃനിരയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒറ്റക്കെട്ടായി പാര്‍ട്ടിയെ തങ്ങള്‍ നയിക്കും. അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്തില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശ്രീധരൻ പിള്ളയുടെ പ്രവർത്തന മികവ് കൊണ്ടാണ് അദ്ദേഹത്തിന് മിസോറാം ഗവർണർ പദവി നൽകിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്‍റെയും കെ സുരേന്ദ്രന്‍റെയും കുമ്മനം രാജശേഖരന്‍റെയും പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. നിലവിൽ ചർച്ചകളിൽ കൂടുതൽ സാധ്യത കെ സുരേന്ദ്രനാണ്. കുമ്മനത്തെ മുമ്പ് ഗവർണ്ണറാക്കുന്നത് തന്നെ സുരേന്ദ്രനെ പ്രസിഡന്‍റാക്കാനുള്ള മുരളീപക്ഷ ശ്രമത്തിന്‍റെ ഭാഗമായിരുന്നു. സുരേന്ദ്രനെ വെട്ടാൻ മറ്റ് രണ്ട് ജനറൽ സെക്രട്ടറിമാരായ എം ടി രമേശിന്‍റെയും ശോഭാ സുരേന്ദ്രന്‍റെയും പേര് കൃഷ്ണദാസ് പക്ഷം ഉയർത്തുന്നുണ്ട്. വനിതാ പ്രസിഡന്‍റെന്ന ആശയം മുമ്പും കൃഷ്ണദാസ് പക്ഷം മുന്നോട്ട് വെച്ചിരുന്നു. 

ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങൾ ശക്തമാക്കാൻ ഒരുക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം തന്നെ പിള്ളയെ മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരൻപിള്ളയെ കേന്ദ്രത്തിൽ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. സംസ്ഥാന ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ സജീവമാകുമ്പോളാണ് സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റുന്നത്. അടുത്ത മാസമാണ് പിള്ളയുടെ കാലാവധി തീരുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്നും വെറും കയ്യോടെ മടങ്ങുന്നതിന് പകരം ഗവർണർ പദവിക്ക് കിട്ടിയത് ശ്രീധരൻ പിള്ളയ്ക്ക് ഒരു അർത്ഥത്തിൽ നേട്ടമാണ്. പകരക്കാരനെ ചൊല്ലി പാർട്ടിക്കുള്ളിൽ നീക്കം സജീവമാണ്. 

Follow Us:
Download App:
  • android
  • ios