ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ വിട്ട് 200-ൽ അധികം പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെ തുടർന്നാണ് മണ്ഡലം, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പാർട്ടി മാറിയത്.

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലേക്ക്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നു പേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം സ്വീകരിച്ചു.

അഭിപ്രായ ഭിന്നതയെ തുടർന്ന് 2017ൽ സി പി എം വിട്ട് സി പി ഐയിലേക്ക് ചേക്കേറിയവരാണ് 9 വർഷങ്ങൾക്കിപ്പുറം സി പി എമ്മിലേക്ക് തന്നെ തിരികെ വന്നത്. ജില്ലയിൽ സി പി ഐക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമായി മണ്ണൂർ മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ മറ്റിടങ്ങളിൽ എല്ലാം ഇടതു മുന്നണിയായി മത്സരിച്ചപ്പോൾ, മണ്ണൂരിൽ സി പി ഐ സി പി എം വെവ്വേറെ മത്സരിച്ചതും വലിയ തോതിൽ ചർച്ചയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയും മണ്ഡലം - ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഘടനാ നടപടി സ്വീകരിച്ചതോടെയാണ് പാർട്ടി അംഗങ്ങളായ 200 ലേറെ പേർ സി പി ഐ ബന്ധം ഉപേക്ഷിച്ചത്.