കൊച്ചി: കേരള മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായി തയ്യാറാക്കിയ ഹ്രസ്വചിത്രം ചലച്ചിത്രതാരം പൃഥ്വിരാജ് കൊച്ചിയിൽ പ്രകാശനം ചെയ്തു. തമിഴ് നടൻ കാർത്തിയാണ് ചിത്രത്തിൽ ആഭിനയിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന സന്ദേശമാണ് മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്യ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ ഹ്രസ്വചിത്ര പരന്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. തമിഴ് സിനിമ താരം കാർത്തിയോടൊപ്പം ബാലതാരം ‍ടൈബ നൂർ, ആകാശ് സിംഗ്, സുരഭി തിവാരി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 

പൃഥിരാജിന്‍റെ പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ് നടന്നത്. റോഡ് സുരക്ഷ ബോധവത്കരണം പുതുതലമുറയിലെത്താൻ ഇത്തരം ഹ്രസ്വ ചിത്രങ്ങൾക്ക് കഴിയുമെന്ന് പൃഥിരാജ് പറഞ്ഞു.

രാജു എബ്രഹാമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രം പ്രാകാശനം ചെയ്യും. കേരളത്തിലെ തിയേറ്ററുകൾ, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ ഹ്രസ്വചിത്രം ജനങ്ങളിലേക്കെത്തിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.