തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് എപിഎം മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴിൽ നൈപുണ്യം വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്സൈസ് സെക്രട്ടറിയുടെ അധിക ചുമതലയും മുഹമ്മദ് ഹനീഷിന് നല്‍കിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനും ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഹനീഷിന്‍റെ സ്ഥാനമാറ്റം എന്നാണ് സൂചന.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ അൽകേഷ് കുമാർ ശർമ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി. കൊച്ചി - ബംഗല്ലൂരു വ്യവസായ ഇടനാഴിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ് കളക്ടര്‍ വി ആര്‍ രേണു രാജിനും സ്ഥാനമാറ്റമുണ്ട്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിനെ നിയമിച്ചത്. സ്ഥാനക്കയറ്റത്തെ തുടർന്നാണ് പുതിയ നിയമനം. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൊലീസ് തലപ്പത്തും അഴിച്ചുപണിയുണ്ട്.

ഐപിഎസ് തലപ്പത്തും അഴിച്ചുപണി 

ടോമിൻ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ഭീകരവിരുദ്ധസേന മേധാവിയായിയിരുന്ന എസ്പി ചൈത്ര തെരേസ ജോണിന് ഇനി ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ചുമതലയാകും. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നല്‍കി.