കൊച്ചി: എടയന്നൂർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അപ്പീലിൽ ഇന്നും വാദം തുടരും. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്.

ഷുഹൈബ് വധക്കേസിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ബി കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹൻസാരിയാണ് സർക്കാരിനു വേണ്ടി ഹാജരാകുന്നത്.

കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവർത്തനത്തിൽ ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ അടക്കം പൊലീസ് അന്വേഷണം നടന്നിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഉന്നത ഗൂഢാലോചന പുറത്തുവരാൻ സിബിഐ അന്വേഷണം വേണം എന്നാണ് ഹർജിക്കാരുടെ ആവശ്യം.