തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐക്ക് വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതു സര്‍ക്കാര്‍ 56 ലക്ഷം രൂപ കൊടുത്തു വാങ്ങിച്ചെടുത്ത വിധിയാണിത്. ഇതിനെതിരെ നിയമപോരാട്ടം നടത്താൻ ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷുഹൈബിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്നും ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ദില്ലിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന് അപ്പീല്‍ നൽകിയാണ് സിംഗിള്‍ ബെഞ്ച്  വിധി അസ്ഥിരപ്പെടുത്തിയത്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ദില്ലിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് കേസ് വാദിച്ചത്. ഇതുതന്നെ ഈ കേസില്‍ സിപിഎമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാക്കുന്നതാണ്. നീതിബോധവും പാവങ്ങളോടു കരുതലുമുള്ള ഒരു സര്‍ക്കാരായിരുന്നെങ്കില്‍ ഈ കേസ് സിബിഐക്ക് വിടാന്‍ മുന്‍കൈ എടുക്കുമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.