തിരുവനന്തപുരം: അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകൾ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചിച്ചുണ്ട്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. 

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്‍ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനത്താല്‍ തിങ്കളാഴ്‍ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.