എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിലെ പ്രതി ദുർഗ ബഹദൂർ ചദ്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിലെ പ്രതി ദുർഗ ബഹദൂർ ചദ്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 20 വർഷങ്ങൾക്ക് മുമ്പാണ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അലിയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. നാഗ്പൂരിൽ നിന്നാണ് ദുർഗ ബഹദൂർ ബഡ് ചേദ്രിയെ പിടികൂടിയത്. കുടുംബസുഹൃത്തായ മുഹമ്മദ് അലി, 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. കൃത്യം നടത്താൻ മുഹമ്മദ് അലിക്ക് സഹായം ചെയ്തത് ദുർഗ ബഹദൂർ ബഡ് ചേദ്രിയെന്നാണ് സിബിഐ കണ്ടെത്തൽ. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ മുഹമ്മദ് അലിക്ക് അടുത്തിടെ ജാമ്യം കിട്ടിയത് വലിയ വിവാദമായിരുന്നു.
ശിക്ഷാ വിധി റദ്ദാക്കണമെന്ന മുഹമ്മദ് അലിയുടെ ഹർജിയിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകാതെയിരിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് നീരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനെതിരെയാണ് ശ്യാം മണ്ഡലിന്‍റെ പിതാവ് ബസുദേവ് മണ്ഡൽ സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.



