കഴിഞ്ഞ 10 മാസത്തിനിടെ അട്ടപ്പാടിയിൽ 10 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് കണക്ക്. ഇതിലേറെയും സംഭവിച്ചത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം.
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് സിപിഎമ്മിൻ്റെ ശ്രമമെന്ന ആരോപണവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. രംഗത്ത്. അതേസമയം, എൽ.ഡി.എഫ് ഭരണകാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്ന് മുൻമന്ത്രി എ.കെ. ബാലൻ പറഞ്ഞു. അതിനിടെ നാളെ ആരോഗ്യ മന്ത്രി കെ മുരളീധരൻ അട്ടപ്പാടിയിൽ എത്തും. കഴിഞ്ഞ 10 മാസത്തിനിടെ അട്ടപ്പാടിയിൽ 10 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് കണക്ക്. ഇതിലേറെയും സംഭവിച്ചത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം.
യുഡിഎഫ് സർക്കാർ അട്ടപ്പാടിയെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ചു ദിവസമായി പ്രചാരണം ശക്തമാക്കുകയാണ് സിപിഎം. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് പാലക്കാട്ടെ ചില മുൻമന്ത്രിമാരുടെ ശ്രമമെന്നാണ് വി.കെ. ശ്രീകണ്ഠൻ എംപിയുടെ വിമർശനം. കഴിഞ്ഞ സർക്കാരിന്റെ പരാജയം മറച്ചുപിടിക്കാനാണ് എം ബി രാജേഷിൻ്റെ ശ്രമമെന്നും വി.കെ. ശ്രീകണ്ഠൻ വിമർശിച്ചു.
അതേസമയം, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്നാണ് മുൻമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. മുഖ്യമന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ തയ്യാറാകണം. വിദഗ്ധസംഘം വന്ന് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
അതിനിടെ, അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഊരുകളിലും മെഡിക്കൽ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ശിശുമരണങ്ങളുടെ കാരണങ്ങളും നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. നാളെ അട്ടപ്പാടിയിൽ എത്തുന്ന ആരോഗ്യമന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.




