വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ എന്ന നിലയിൽ വിഷയം സജീവമാക്കും. ഉദ്യോഗസ്ഥരെ പഴിച്ചു ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നാണ് പ്രതിപക്ഷ വിമർശനം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥ്ന്റെ മരണം സിബിഐക്ക് വിട്ട ശേഷം രേഖകള്‍ കൈമാറാതെയുള്ള ഗുരുതര അനാസ്ഥ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ എന്ന നിലയിൽ വിഷയം സജീവമാക്കും. ഉദ്യോഗസ്ഥരെ പഴിച്ചു ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നാണ് പ്രതിപക്ഷ വിമർശനം. അക്രമ രാഷ്ട്രീയം വ്യാപകമായി പ്രചാരണ ആയുധമാക്കാനാണ് തീരുമാനം.

അതേസമയം സിദ്ധാർത്ഥിൻ്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള രേഖകൾ ഇന്ന് കേന്ദ്ര സർക്കാരിന് നേരിട്ട് കൈമാറും. വിജ്ഞാപനം കൈമാറാത്തത് വിവാദമായതോടെ നേരിട്ട് രേഖകൾ കൈമാറാൻ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. 

ഇന്നലെ രേഖകളുമായി ദില്ലിയിലെത്തിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഇന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും സിബിഐ ഡയറക്ടറേറ്റിലും രേഖകൾ കൈമാറും. ഇന്നലെ ഇ മെയിൽ മുഖേനയും വിജ്ഞാപനം കൈമാറിയിരുന്നു. വിജ്ഞാപനം ഇറങ്ങി 17 ദിവസത്തിന് ശേഷമാണ് രേഖകൾ സിബിഐക്ക് കൈമാറിയത്. വിജ്ഞാപനം കൈമാറുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

സിബിഐക്ക് അന്വേഷണം വിട്ടുകൊണ്ട് മാര്‍ച്ച് ഒമ്പതിന് ഇറക്കിയ വിജ്ഞാപനം 16ന് കേന്ദ്രത്തിന് കൈമാറിയെന്നായിരുന്നു ഇന്നലെ വരെയുള്ള സർക്കാറിന്‍റെ വിശദീകരണം. പക്ഷെ വിജ്ഞാപനം 16ന് നൽകിയത് കേന്ദ്രത്തിനായിരുന്നില്ലെന്നും മറിച്ച് കൊച്ചിയിലെ സിബിഐ യൂണിറ്റിന് മാത്രമായിരുന്നുവെന്നുമുള്ള വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. വിജ്ഞാപനത്തിന് ഒപ്പം കൈമാറേണ്ട പ്രൊഫോമ റിപ്പോർട്ടും നൽകിയത് ഇന്ന് മാത്രം. എഫ്ഐആറിന്‍റെ പരിഭാഷയും കേസിന്‍റെ നാൾ വഴികളുമടങ്ങിയ പ്രൊഫോമ റിപ്പോർട്ട് കൂടി കിട്ടിയാലേ സിബിഐക്ക് അന്വേഷണത്തിൽ നിലപാട് എടുക്കാനാകു. ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രേഖകൾ കൃത്യമായി കേന്ദ്രത്തിന് എത്തിക്കേണ്ട സ്ഥാനത്താണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ രേഖകൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത്.

YouTube video player