Asianet News MalayalamAsianet News Malayalam

സിദ്ധിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ; സെക്രട്ടേറിയേറ്റിൽ സമരം നടത്തും

യു.പി. പൊലീസ് പറയുന്നത് കള്ളമാണെന്ന് റെയ്ഹാനത്ത് പറഞ്ഞു. യു.പി.പൊലീസ് കള്ളക്കഥകൾ തുടരുകയാണ്. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്

Sidhique Kappan wife Reyhanat demands CM Pinarayi to intervene
Author
Kozhikode, First Published Dec 22, 2020, 12:31 PM IST

കോഴിക്കോട്: യുപിയിൽ യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന്, കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്നും അവർ പറഞ്ഞു.

യു.പി. പൊലീസ് പറയുന്നത് കള്ളമാണെന്ന് റെയ്ഹാനത്ത് പറഞ്ഞു. യു.പി.പൊലീസ് കള്ളക്കഥകൾ തുടരുകയാണ്. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. സിദ്ധീഖിന്റെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് ആദ്യം പരിശോധിക്കട്ടെ. ഹാത്രാസിലേക്ക് പോകാൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകാൻ യു.പി.പൊലീസ് സിദ്ധീഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് പറഞ്ഞു. 

മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാൽ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് അല്ല. ഒരു രാഷ്ടീയ പാർട്ടിയുമായും പ്രത്യേകിച്ച് മമതയില്ല. സിദ്ദീഖ് കാപ്പൻ മാധ്യമപ്രവർത്തകൻ മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. യു.പി. പൊലീസ് ഓരോ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നു, എല്ലാം കളവാണ്.

സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോൾ ചെയ്യാനോ അനുവദിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫോൺ ചെയ്യാൻ അനുമതിയുണ്ട്. പക്ഷെ നേരിട്ട് കാണാൻ കഴിയുന്നില്ലെന്നും റെയ്ഹാനത്ത് പറഞ്ഞു,

Follow Us:
Download App:
  • android
  • ios