കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം തൃപ്പൂണിത്തറ സ്വദേശി സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചു. താൻ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും മകൻ പറഞ്ഞതായി അച്ഛൻ വിത്തല്‍ ഷേണായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മൂന്നു മിനിറ്റോളമാണ്  സിജു ഫോണിൽ കുടുംബാംഗങ്ങളോട് സംസാരിച്ചത്. സിജു ഇന്ന് വീട്ടുകാരുമായി ബന്ധപ്പെടുമെന്ന് കപ്പൽ കമ്പനി അധികൃതർ ഇന്നലെ ഫോൺ മെസേജിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. കൂടെയുള്ളവരും സുരക്ഷിതരാണെന്ന് സിജു കുടുംബത്തെ അറിയിച്ചു. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോയിൽ നാല് മലയാളികളാണുള്ളത്. 

സ്റ്റെനാ ഇംപാറോയുടെ ക്യാപ്റ്റൻ മലയാളിയായ പി ജി സുനിൽകുമാർ ആണ്. സുനില്‍കുമാറിനെയും സിജുവിനെയും കൂടാതെ കപ്പലിലുള്ള മറ്റ് രണ്ട് മലയാളികള്‍ ആലുവ സ്വദേശി ഡിജോ, കണ്ണുര്‍ സ്വദേശി പ്രജിത്ത് എന്നിവരാണ്. കപ്പലിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്.