Asianet News MalayalamAsianet News Malayalam

കെപിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്തി പരസ്യമാക്കാതെ ഗ്രൂപ്പുകൾ: സംഘടനാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടിക്ക് നീക്കം

ഡിസിസി പട്ടികക്ക് പിന്നാലെ ഉണ്ടായ പൊട്ടിത്തെറി കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ ഇല്ലെങ്കിലും പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്. 

silent protest in kpcc reshuffle
Author
Thiruvananthapuram, First Published Oct 22, 2021, 1:36 PM IST

തിരുവനന്തപുരം:  കെപിസിസി (KPCC) ഭാരവാഹിപട്ടികക്കെതിരായ എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ (K Muraleedharan). അതേസമയം അതൃപ്തി ഉണ്ടെങ്കിലും പരസ്യപ്രതികരണം വേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. നേതൃത്വത്തിനൊപ്പം നിലയുറപ്പിച്ച മുരളീധരൻ്റെ വിമർശനത്തിൻറെ ഞെട്ടലിലാണ് കെപിസിസി. തർക്കങ്ങൾ ഉണ്ടെങ്കിൽ തീർക്കമെന്ന് കെ.സുധാകരനും (K Sudhakaran) വിഡി സതീശനും (VD satheesan) പറഞ്ഞു.

ഡിസിസി പട്ടികക്ക് പിന്നാലെ ഉണ്ടായ പൊട്ടിത്തെറി കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ ഇല്ലെങ്കിലും പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്. ഡിസിസി പട്ടികയിൽ മുതിർന്ന നേതാക്കൾ പരസ്യപ്പോരിനിറങ്ങിയപ്പോൾ കെപിസിസിക്കൊപ്പം അടിയുറച്ച് നിന്ന മുരളീധരൻറെ ഇപ്പോഴത്തെ പരസ്യഎതിർപ്പാണ് ഏറെ ശ്രദ്ധേയം. മുരളി നിർദ്ദേശിച്ച മരിയാപുരം ശ്രീകുമാറിനെ ജനറൽ സെക്രട്ടറിയാക്കിയെങ്കിലും മഹേശ്വരൻനായരെയും കോയിവിള രാമചന്ദ്രനെയും നിർവ്വാഹകസമിതിയിൽ പരിഗണികാതിരുന്നതിലാണ് അദ്ദേഹത്തിന് അതൃപ്തി.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ച പേരുകളിൽ ചിലത് പരിഗണിച്ചെങ്കിലും മുൻഗണന മാറ്റിയതിലാണ് ഗ്രൂപ്പുകളുടെ പരാതി. കരകുളം കൃഷ്ണപ്പിള്ള, ജ്യോതികുുമാർ ചാമക്കാല എന്നിവരടക്കം നിർദ്ദേശിച്ച ചിലരെ ഭാരവാഹികളാക്കാതെ നിർവ്വാഹകസമിതിയിൽ ഉൾപ്പെടുത്തിയതാണ് ഐ ഗ്രൂപ്പിൻറെ പ്രശ്നം. ജെയ്സൺ ജോസഫ്, ഷാനവാസ് ഖാൻ അടക്കം ഭാരവാഹികളാക്കാൻ നിർദ്ദേശിച്ച നേതാക്കളെ നിർവ്വാഹകസമിതിയിൽ മാത്രം ചേർത്തതാണ് എ യുടെ പരാതി. സാമുദായിക സമവാക്യങ്ങൾ അടക്കം പാലിക്കേണ്ടത് കൊണ്ടാണ് ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ മുൻഗണനയിലെ മാറ്റമെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം.

കെപിസിസി പുനസംഘടനയ്ക്ക് ഇനി അഴിച്ചു പണി നടത്താനുള്ള രാഷ്ട്രീയകാര്യസമിതിയിലേക്ക് ചില പ്രമുഖരെ ഉൾപ്പെടുത്തി പരാതികൾക്ക് പരിഹാരം കാണാനാണ് കെപിസിസി നേതൃത്വത്തിൻ്റെ നീക്കം. സെക്രട്ടറിമാരെ പ്രഖ്യാപിക്കുമ്പോഴും ഇപ്പോൾ ഒഴിവാക്കപ്പെട്ടവർക്ക് അവസരം ഉണ്ടാകുമെന്നും നേതൃത്വം പറയുന്നു. പ്രതിഷേധം കടുപ്പിക്കാതെ വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. സമവായം ആവശ്യമായതിനാൽ പുനസംഘടനാ തുടർച്ചയിൽ നേതൃത്വത്തിന് തങ്ങളെ പൂർണ്ണമായും അവഗണിച്ച് പോകാനാകില്ലെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ കണക്ക് കൂട്ടൽ. 

Follow Us:
Download App:
  • android
  • ios